ദോഹ: ഖത്തറിൽ തൊഴിലുമായി ബന്ധപ്പെട്ട സർക്കാർ സേവനങ്ങൾ വേഗത്തിലാക്കാമെന്ന വ്യാജേന നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം (Ministry of Labour).
നടപടിക്രമങ്ങൾ എളുപ്പത്തിലാക്കാനെന്ന പേരിൽ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ആവശ്യപ്പെടുന്ന ഫോൺ കോളുകൾക്കും മെസേജുകൾക്കും എതിരെ പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഖത്തറിലെ സാധാരണ തൊഴിലാളികൾക്കും കമ്പനികളിലെ എച്ച്ആർ (HR), പിആർഒ (PRO) വിഭാഗങ്ങൾക്കും ഈ മുന്നറിയിപ്പ് ഏറെ പ്രധാനപ്പെട്ടതാണ്. വർക്ക് പെർമിറ്റ്, തൊഴിൽ അനുമതി, കമ്പനി നടപടികൾ, മറ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഫീസുകൾ എന്ന പേരിലാണ് തട്ടിപ്പുകാർ പലപ്പോഴും പ്രവാസികളെ ലക്ഷ്യമിടുന്നത്.
കാര്യങ്ങൾ പെട്ടെന്ന് നടത്തിക്കിട്ടാൻ ഈ തുക നൽകണമെന്നാണ് ഇവർ ആവശ്യപ്പെടാറുള്ളത്.
പ്രവാസികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
- ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ മാത്രം ആശ്രയിക്കുക: മന്ത്രാലയത്തിൻ്റെ സേവനങ്ങൾക്കുള്ള ഫീസുകൾ ഔദ്യോഗികമായി അംഗീകരിച്ച മാർഗങ്ങളിലൂടെ മാത്രമേ അടയ്ക്കാവൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. ഇടപാടുകൾ നടത്തുന്ന വെബ്സൈറ്റുകൾ ‘mol.gov.qa’ എന്ന ഔദ്യോഗിക ഡൊമെയ്‌നുമായി ബന്ധപ്പെട്ടതാണെന്ന് എപ്പോഴും ഉറപ്പുവരുത്തണം.
- വിവരങ്ങൾ പങ്കുവെക്കരുത്: ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ, ഒടിപി (OTP), വെരിഫിക്കേഷൻ കോഡ്, പാസ്‌വേഡ് എന്നിവ ഒരു കാരണവശാലും മറ്റൊരാളുമായി പങ്കിടരുത്.
- ലിങ്കുകൾ പരിശോധിക്കുക: വാട്സ്ആപ്പിലോ എസ്എംഎസ് ആയോ വരുന്ന സംശയാസ്പദമായ ലിങ്കുകൾ തുറക്കുന്നതിന് മുൻപ് അവയുടെ ഉറവിടം കൃത്യമായി പരിശോധിക്കണം.
- ഉടൻ റിപ്പോർട്ട് ചെയ്യുക: അടിയന്തരമായി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ ഉടൻ തന്നെ ആ സംഭാഷണം അവസാനിപ്പിക്കുകയും ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുകയും വേണം.
തട്ടിപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും 16505 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴാതെ ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കുക എന്നതാണ് പ്രവാസികൾ സുരക്ഷിതരായിരിക്കാൻ ചെയ്യേണ്ടത്.



Leave a Comment