ദോഹ: ഖത്തറിൽ ശനിയാഴ്ച (മെയ് 30) ഉച്ചയ്ക്ക് ശേഷം മുതൽ അടുത്ത ആഴ്ച അവസാനം വരെ കടൽപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കടലിൽ പോകുന്നവർക്കും വാരാന്ത്യ തീരദേശ വിനോദങ്ങൾ പദ്ധതിയിടുന്നവർക്കും കടുത്ത ജാഗ്രതാ നിർദ്ദേശമാണ് അധികൃതർ നൽകിയിട്ടുള്ളത്. മുന്നറിയിപ്പ് കാലാവധി അവസാനിക്കുന്നത് വരെ എല്ലാവിധ കടൽ യാത്രകളും വാട്ടർ സ്പോർട്സ് വിനോദങ്ങളും പൂർണ്ണമായി ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.
ഈ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും തിരമാലകൾ സാധാരണയായി 2 മുതൽ 6 അടി വരെയും, ചില സമയങ്ങളിൽ പരമാവധി 8 അടി വരെയും ഉയരാൻ സാധ്യതയുണ്ടെന്നുമാണ് പ്രവചനം. ഈദ് അവധിയുടെ അവസാന ദിനങ്ങളിൽ കുട്ടികളുമായി ബീച്ചുകളിലേക്കും ബോട്ട് യാത്രകൾക്കും പോകുവാൻ ആഗ്രഹിക്കുന്ന മലയാളി കുടുംബങ്ങൾ ഈ സുരക്ഷാ മുന്നറിയിപ്പ് പ്രത്യേകം ഗൗരവത്തിലെടുക്കണം. മത്സ്യബന്ധന മേഖലയിലും മറ്റ് ഓഫ്ഷോർ ജോലികളിലും ഏർപ്പെട്ടിരിക്കുന്ന പ്രവാസികളും ഈ ദിവസങ്ങളിൽ കനത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്.
അതേസമയം, രാജ്യത്ത് പകൽ സമയങ്ങളിൽ കടുത്ത ചൂട് തുടരുമെന്നും താപനില 32 ഡിഗ്രി സെൽഷ്യസ് മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും പുറത്തിറങ്ങുന്നവരും ധാരാളം കുടിവെള്ളം കരുതണമെന്നും സൂര്യപ്രകാശമേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ഔദ്യോഗിക ചാനലുകൾ വഴിയുള്ള കാലാവസ്ഥാ അറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.



Leave a Comment