ദോഹ: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങളുടെ ആരോഗ്യഭീഷണികളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ശക്തമായ ബോധവത്കരണവുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH). “ഇത് നിങ്ങൾ കരുതുന്നതിലും വലിയ അപകടമാണ്, വഞ്ചിതരാകാതിരിക്കുക!” (“Don’t be deceived, it’s more dangerous than you think!”) എന്ന പ്രധാന സന്ദേശത്തോടെയാണ് മന്ത്രാലയം ഇത്തവണത്തെ ക്യാമ്പെയ്ൻ സംഘടിപ്പിച്ചത്. നിക്കോട്ടിൻ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്താനും പുകവലി രഹിത സമൂഹത്തെ വാർത്തെടുക്കാനുമാണ് ഈ കാമ്പെയ്‌നിലൂടെ ലക്ഷ്യമിടുന്നത്.
സോഷ്യൽ മീഡിയ വഴിയുള്ള ആരോഗ്യ സന്ദേശങ്ങൾ, പൊതുജന ബോധവത്കരണ പരിപാടികൾ, സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക സെമിനാറുകൾ എന്നിവ ഇതിന്റെ ഭാഗമായി നടന്നു. ‘ഹെൽത്ത് പ്രൊമോട്ടിംഗ് ഷോപ്പിംഗ് മാൾ’ പദ്ധതിയുടെ ഡയമണ്ട് ലെവൽ അംഗീകാരം ലഭിച്ച രാജ്യത്തെ പ്രമുഖ മാളുകൾ കേന്ദ്രീകരിച്ചും വിപുലമായ പ്രചാരണ പരിപാടികൾ അരങ്ങേറി. പ്രവാസികൾക്കിടയിലും പുകയില വിരുദ്ധ സന്ദേശം എത്തിക്കാൻ ഈ പ്രവർത്തനങ്ങൾ സഹായിച്ചു.
മാനസിക സമ്മർദ്ദങ്ങളും ജോലിത്തിരക്കുകളും കാരണം പുകയില ഉപയോഗം ശീലമാക്കിയ വലിയൊരു വിഭാഗം പ്രവാസി തൊഴിലാളികൾ ഗൾഫ് മേഖലയിലുണ്ട്. അത്തരക്കാർക്ക് ആരോഗ്യകരമായ ജീവിതശൈലി വീണ്ടെടുക്കാനും പുകവലി ശീലം പൂർണ്ണമായി ഉപേക്ഷിക്കാനുമുള്ള മികച്ചൊരു ഓർമ്മപ്പെടുത്തലാണ് ഈ ക്യാമ്പെയ്ൻ. പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) കേന്ദ്രങ്ങൾ വഴിയും മറ്റ് ആരോഗ്യ സംവിധാനങ്ങൾ വഴിയും ആവശ്യമായ ചികിത്സയും കൗൺസിലിംഗും ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.



Leave a Comment