ദോഹ: ഈ വർഷത്തെ (1447 എ.എച്ച്) വിജയകരമായ ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് ശേഷം ഖത്തറിന്റെ ഔദ്യോഗിക ഹജ്ജ് മിഷൻ ഇന്ന് (ജൂൺ 1, തിങ്കളാഴ്ച) മടങ്ങും. തീർത്ഥാടകർ കഴിഞ്ഞ ദിവസങ്ങളിൽ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിയതായും ഏകോപനം, സംഘടന, സേവന നിലവാരം എന്നിവയിലെല്ലാം ഇത്തവണത്തെ ഹജ്ജ് സീസൺ വൻ വിജയമായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
ഖത്തർ എയർവേയ്‌സ്, സൗദി എയർലൈൻസ് എന്നിവയുടെ തുടർച്ചയായ സർവീസുകൾ വഴി തീർത്ഥാടകരുടെ യാത്രയും മടങ്ങിവരവും സുഗമമാക്കാൻ സാധിച്ചതായി ഹജ്ജ്-ഉംറ കാര്യ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസിഫ്രി വ്യക്തമാക്കി. ഖത്തർ ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ഔഖാഫ് മന്ത്രാലയം തുടങ്ങിയ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്നതായിരുന്നു ഔദ്യോഗിക ഹജ്ജ് മിഷൻ.
എയർപോർട്ട് യൂണിറ്റുകൾ, മെഡിക്കൽ സംഘം, പുണ്യസ്ഥലങ്ങളിലെ സേവന വിഭാഗം, കമ്മ്യൂണിക്കേഷൻ ആൻഡ് സപ്പോർട്ട്, നിരീക്ഷണ പാടവം എന്നിവയെല്ലാം കോർത്തിണക്കിയുള്ള പ്രവർത്തനമാണ് തീർത്ഥാടകർക്ക് ലഭ്യമാക്കിയത്. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെ സൗകര്യങ്ങൾ, ഗതാഗതം, ആരോഗ്യപരിചരണം, മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയെല്ലാം മിഷൻ വിജയകരമായി നിർവ്വഹിച്ചു. വരും വർഷങ്ങളിൽ തീർത്ഥാടനം ലക്ഷ്യമിടുന്ന പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഖത്തറിന്റെ ഈ മികച്ച സേവന നിലവാരം. ഈ സീസൺ പൂർത്തിയായ ഉടൻ തന്നെ അടുത്ത വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾക്കായുള്ള പഠനങ്ങളും വിലയിരുത്തലുകളും ആരംഭിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.



Leave a Comment