ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ ബർസാൻ ഗ്യാസ് സപ്ലൈ ഫെസിലിറ്റി ദുരന്തം ഇന്ത്യൻ പ്രവാസി സമൂഹത്തിന് വലിയ ആഘാതമായി മാറുന്നു. അപകടത്തിൽ മരിച്ച 13 പേരിൽ 12 പേരും ഇന്ത്യക്കാരാണെന്ന് ദോഹയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിരുന്നു.
അപകടത്തിൽ മരിച്ച 12 ഇന്ത്യക്കാരിൽ ഒരാൾ മലയാളിയാണ്. കോഴിക്കോട് നാദാപുരം പുറമേരി സ്വദേശിയായ അർജുൻ (30) ആണ് മരിച്ചത്. പ്ലാൻ്റിലെ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു അർജുൻ.
പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ഖത്തർ അധികൃതരിൽ നിന്നും എംബസിയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.
ദുരന്തത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കടുത്ത ദുഃഖം രേഖപ്പെടുത്തി. ഖത്തറിലെ ഇന്ത്യൻ എംബസി അവിടുത്തെ പ്രാദേശിക അധികാരികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും, ഇരയായവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ എംബസി ഏകോപിപ്പിച്ചു വരികയാണ്.
സാങ്കേതിക തകരാറെന്ന് ഖത്തർ
ബർസാൻ പ്ലാൻ്റിലുണ്ടായ അപകടം ഒരു സാങ്കേതിക തകരാർ മൂലം സംഭവിച്ചതാണെന്ന് ഖത്തർ ഊർജ മന്ത്രി സാദ് ഷെരീദ അൽ കഅബി വിശദീകരിച്ചു.
ഇത് യാതൊരുവിധ അട്ടിമറിയോ ശത്രുതാപരമായ ആക്രമണമോ അല്ലെന്ന് ഖത്തർ എനർജി വ്യക്തമാക്കിയിട്ടുണ്ട്. പ്ലാൻ്റിലെ അപകടം രാജ്യത്തിൻ്റെ എൽ.എൻ.ജി (LNG) കയറ്റുമതി ശേഷിയെ ബാധിച്ചിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ തൊഴിലാളികൾ വൻതോതിൽ ജോലി ചെയ്യുന്ന എനർജി, മെയിൻ്റനൻസ്, ഇൻഡസ്ട്രിയൽ മേഖലകളിലെ സുരക്ഷാ പ്രോട്ടോകോളുകൾ ഇനി കൂടുതൽ കർശനമാക്കാനാണ് സാധ്യത.
ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ ധനസഹായവും മറ്റ് പിന്തുണകളും ഉറപ്പാക്കാൻ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളും രംഗത്തുണ്ട്.



Leave a Comment