ദോഹ: പ്രതിസന്ധി ഘട്ടങ്ങളിൽ അടിയന്തരമായി വിവരങ്ങൾ കൈമാറാനും ഏകോപനം വേഗത്തിലാക്കാനുമായി ഖത്തറും റഷ്യയും തമ്മിൽ സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഖത്തർ പ്രതിരോധ മന്ത്രാലയവും റഷ്യൻ ഫെഡറേഷൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് പുതിയ ആശയവിനിമയ ചാനലിന് രൂപം നൽകിയിരിക്കുന്നത്.
അടിയന്തര സാഹചര്യങ്ങളോ സുരക്ഷാ പ്രതിസന്ധികളോ ഉണ്ടായാൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ കാലതാമസമില്ലാതെ നേരിട്ട് വിവരങ്ങൾ കൈമാറാനും, ആവശ്യമായ ഏകോപനം ഉറപ്പാക്കാനുമാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ നിർണായക നീക്കത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് ദോഹ ജോയിൻ്റ് റെസ്ക്യൂ കോർഡിനേഷൻ സെൻ്ററിൻ്റെ ആക്ടിങ് കമാൻഡർ ബ്രിഗേഡിയർ ജനറൽ റാഷിദ് സുൽത്താൻ അൽ ഹിത്മിയാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
റഷ്യയുടെ ഭാഗത്തുനിന്ന് റഷ്യൻ നാഷണൽ ഡിഫൻസ് മാനേജ്മെൻ്റ് സെൻ്ററിൻ്റെ ഡെപ്യൂട്ടി ചീഫ് വൈസ് അഡ്മിറൽ കല്ഗാനോവ് വിക്ടർ ആൻഡ്രേവിച് ആണ് ഈ ഉദ്യമത്തിൽ പങ്കുചേർന്നത്.
ഗൾഫ് മേഖലയിലെ സമുദ്രപാത വഴിയുള്ള ഗതാഗതം, വ്യോമഗതാഗതം (Air Travel), അന്താരാഷ്ട്ര സുരക്ഷാ മുന്നറിയിപ്പുകൾ തുടങ്ങിയ വലിയ നയതന്ത്ര നീക്കങ്ങൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാൽ ഇത്തരം ഔദ്യോഗിക ചാനലുകൾക്ക് വലിയ പ്രാധാന്യമുണ്ട്.



Leave a Comment