ദോഹ: ഖത്തറിലെ ആകാശനിരീക്ഷകർക്ക് വിസ്മയമൊരുക്കി ഇന്ന് (മേയ് 31, ഞായറാഴ്ച) അപൂർവ പ്രതിഭാസമായ ‘ബ്ലൂ മൂൺ’ ദൃശ്യമാകും. ദുൽഹിജ്ജ മാസത്തിലെ പൗർണമി ഞായറാഴ്ച രാവിലെ 11.45-ഓടെ പൂർണ്ണ ഘട്ടത്തിലെത്തിയതായും ഖത്തറിൽ വൈകിട്ട് 6.39-ന് ചന്ദ്രോദയം പ്രതീക്ഷിക്കാമെന്നും ഖത്തർ കലണ്ടർ ഹൗസിനെ (QCH) ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സൂര്യാസ്തമയത്തിന് ശേഷം തിങ്കളാഴ്ച പുലർച്ചെ 4.44 വരെ ഈ പ്രതിഭാസം നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ സാധിക്കും.
പേര് ‘ബ്ലൂ മൂൺ’ എന്നാണെങ്കിലും ചന്ദ്രൻ നീലനിറത്തിലല്ല, മറിച്ച് സാധാരണ പൗർണമിയിലേതുപോലെ വെള്ളിനിറത്തിൽ തന്നെയാണ് പ്രത്യക്ഷപ്പെടുകയെന്ന് ക്യു.സി.എച്ച് ജ്യോതിശാസ്ത്ര വിദഗ്ധൻ ബഷീർ മർസൂഖ് അറിയിച്ചു. ഒരു ഇംഗ്ലീഷ് കലണ്ടർ മാസത്തിൽ തന്നെ രണ്ട് പൗർണമി വരികയും, അതിൽ രണ്ടാമതായി എത്തുന്ന പൂർണ്ണചന്ദ്രനെ ‘ബ്ലൂ മൂൺ’ എന്ന് വിളിക്കുകയും ചെയ്യുന്നതാണ് ഈ ജ്യോതിശാസ്ത്ര പ്രതിഭാസം. ഈ വർഷം മേയ് 1-നായിരുന്നു മാസത്തിലെ ആദ്യ പൗർണമി.
മേയ് 31-ന് രണ്ടാമത്തെ പൗർണമി എത്തുന്നതോടെയാണ് ഈ അപൂർവതയ്ക്ക് ഖത്തർ സാക്ഷ്യം വഹിക്കുന്നത്. ഇതിനുമുമ്പ് 2023 ഓഗസ്റ്റിലാണ് ബ്ലൂ മൂൺ ദൃശ്യമായത്. ഇനി അടുത്ത പ്രതിഭാസം 2028 ഡിസംബറിലായിരിക്കും പ്രകൃതി ഒരുക്കുക. പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ ചന്ദ്രനെ വ്യക്തമായി കാണാമെന്നതിനാൽ ഞായറാഴ്ച വൈകുന്നേരങ്ങളിൽ പുറത്തുപോകുന്ന പ്രവാസി കുടുംബങ്ങൾക്കും കുട്ടികൾക്കും ഇത് വേറിട്ടൊരു അനുഭവമായിരിക്കും.
ദോഹ കോർണിഷ്, കത്താറ, ലുസൈൽ വാട്ടർഫ്രണ്ട്, അൽ വക്ര ബീച്ച് തുടങ്ങിയ തുറസ്സായ സ്ഥലങ്ങളിൽ എത്തുന്നവർക്ക് ഈ ദൃശ്യം ഭംഗിയായി ആസ്വദിക്കാനാകും. എന്നാൽ വാരാന്ത്യത്തിൽ കടൽത്തീരങ്ങൾ സന്ദർശിക്കുന്നവർ നിലവിലുള്ള കാലാവസ്ഥാ-തീരദേശ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.



Leave a Comment