ദോഹ: ഖത്തറിൽ ഇലക്ട്രിക് സ്കൂട്ടറുകളും (ഇ-സ്കൂട്ടർ) ഇലക്ട്രിക് ബൈക്കുകളും ഉപയോഗിക്കുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിർദ്ദേശിച്ചു. ഇത്തരം വാഹനങ്ങൾ പൊതുവഴികളിലോ പ്രധാന റോഡുകളിലോ ഓടിക്കാൻ പാടില്ലെന്നും ഇവയ്ക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള പാതകൾ (Designated lanes) മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ കർശന നിർദ്ദേശം.
പുതിയ ട്രാഫിക് ബോധവൽക്കരണ ക്യാമ്പെയ്ൻ്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഹെൽമറ്റ് കൃത്യമായി ധരിക്കണമെന്നും രാത്രികാലങ്ങളിൽ റിഫ്ലെക്റ്റീവ് വെസ്റ്റ് (ഫ്ലൂറസെൻ്റ് ജാക്കറ്റ്) ധരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വെളിച്ചം കുറഞ്ഞ സമയങ്ങളിലും രാത്രിയിലും വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകൾ വ്യക്തമായി തെളിയിക്കണം. റോഡിലെ മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഇ-സ്കൂട്ടർ യാത്രക്കാരെ എളുപ്പത്തിൽ തിരിച്ചറിയാൻ (Visibility) ഇത് സഹായിക്കുമെന്നും അതുവഴി അപകടങ്ങൾ ഒഴിവാക്കാമെന്നും ട്രാഫിക് വകുപ്പ് ചൂണ്ടിക്കാട്ടി.
ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളും ഓടിക്കുമ്പോൾ അമിതവേഗത പൂർണ്ണമായും ഒഴിവാക്കണം. നഗരങ്ങളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണം. ഖത്തറിലെ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും മറ്റ് നഗരമേഖലകളിലും ഇലക്ട്രിക് യാത്രാ സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ട്രാഫിക് വകുപ്പ് നിരീക്ഷണവും ബോധവൽക്കരണവും ശക്തമാക്കിയത്.
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾ, പ്രത്യേകിച്ച് ഡെലിവറി ജോലിക്കാരും മെട്രോ-ബസ് സർവീസുകളെ ആശ്രയിച്ച് ചെറുദൂരങ്ങളിൽ യാത്ര ചെയ്യുന്നവരും ഈ സുരക്ഷാ നിർദ്ദേശങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്. താമസമേഖലകളിലും കോർണിഷ്, പാർക്കുകൾ തുടങ്ങിയ പൊതുവിടങ്ങളിലും ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ നിയമങ്ങൾ ലംഘിച്ചാൽ കർശനമായ പിഴ നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.



Leave a Comment