ദോഹ: വേനലവധിക്ക് നാട്ടിലേക്ക് പോകാനോ ഗൾഫ് രാജ്യങ്ങളിലേക്ക് വിനോദയാത്രകൾ നടത്താനോ പ്ലാൻ ചെയ്യുന്നവർ വെഹിക്കിൾ എക്സിറ്റ് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം.
വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിച്ച പശ്ചാത്തലത്തിലും, കുടുംബത്തോടൊപ്പമുള്ള യാത്രകൾ കൂടുതൽ ആസ്വദിക്കാനുമായി ഖത്തറിൽ നിന്ന് സ്വന്തം കാറിൽ റോഡ് ട്രിപ്പുകൾ ആസൂത്രണം ചെയ്യുന്ന നിരവധി ഇന്ത്യൻ പ്രവാസികളുണ്ട്.
ഇത്തരക്കാർ യാത്ര പുറപ്പെടുന്നതിന് മുൻപ് ട്രാഫിക് പിഴകൾ, വെഹിക്കിൾ എക്സിറ്റ് പെർമിറ്റ്, റീ-എൻട്രി മാനദണ്ഡങ്ങൾ എന്നിവ കൃത്യമായി പരിശോധിച്ചിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഖത്തറിൽ രജിസ്റ്റർ ചെയ്ത ഒരു വാഹനം ജി.സി.സി (GCC) രാജ്യങ്ങൾക്ക് പുറത്തേക്ക് കൊണ്ടുപോകണമെങ്കിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ നിന്നുള്ള വെഹിക്കിൾ എക്സിറ്റ് പെർമിറ്റ് നിർബന്ധമാണ്.
എന്നാൽ ഖത്തറിലെ വാഹനം ജി.സി.സി രാജ്യങ്ങളിലേക്ക് മാത്രമാണ് കൊണ്ടുപോകുന്നതെങ്കിൽ ഈ എക്സിറ്റ് പെർമിറ്റ് ആവശ്യമില്ല. എന്നിരുന്നാലും, വാഹനത്തിൻ്റെ പേരിൽ യാതൊരുവിധ ട്രാഫിക് പിഴകളും ഇല്ലന്ന് ഉറപ്പാക്കണം.
മെട്രാഷ് വഴി അപേക്ഷിക്കേണ്ട വിധം:
വാഹനത്തിന് മേൽ പിഴകൾ ഉണ്ടെങ്കിൽ വെഹിക്കിൾ എക്സിറ്റ് പെർമിറ്റിനായി അപേക്ഷിക്കാൻ സാധിക്കില്ല. ട്രാഫിക് പിഴകൾ പൂർണ്ണമായും അടച്ചുതീർത്ത ശേഷം വാഹന ഉടമയ്ക്കോ ഉടമ അധികാരപ്പെടുത്തിയ വ്യക്തിക്കോ അപേക്ഷ നൽകാം.
മന്ത്രാലയത്തിൻ്റെ മെട്രാഷ് ആപ്പ് (Metrash app) വഴി വളരെ എളുപ്പത്തിൽ ഇതിനായി അപേക്ഷിക്കാവുന്നതാണ്. ആപ്പിലെ ‘Traffic Services’ ക്ലിക്ക് ചെയ്ത്, ‘Vehicles’ സെക്ഷനിലെ ‘Vehicle Exit Permit’ വഴി നടപടികൾ പൂർത്തിയാക്കാം.
യാത്ര ചെയ്യുന്ന വാഹനം ഓടിക്കുന്നത് ഉടമയല്ലെങ്കിൽ, ഡ്രൈവറുടെ വിവരങ്ങളും അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്.
പിഴകളും മടക്കയാത്രാ നിയമങ്ങളും:
ട്രാഫിക് പിഴകൾ അടയ്ക്കാനുള്ളവർക്ക് ഖത്തറിൻ്റെ കര, വ്യോമ, കടൽ അതിർത്തികൾ വഴി രാജ്യം വിടാൻ അനുമതി നൽകില്ല.
മെട്രാഷ് ആപ്പ്, മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ്, ട്രാഫിക് ഡിപ്പാർട്ട്മെൻ്റുകൾ, യൂണിഫൈഡ് സർവീസ് സെൻ്ററുകൾ എന്നിവ വഴി പിഴകൾ അടച്ചുതീർക്കാം.
എക്സിറ്റ് പെർമിറ്റ് എടുത്ത് ഖത്തറിന് പുറത്തേക്ക് പോകുന്ന വാഹനങ്ങൾ പെർമിറ്റിൻ്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ തിരിച്ചെത്തണം.
ഈ നിയമം ലംഘിക്കുന്ന വാഹനങ്ങൾ 90 ദിവസം വരെ അഡ്മിനിസ്ട്രേറ്റീവ് ഇംപൗണ്ട്മെൻ്റ് (കസ്റ്റഡിയിൽ എടുക്കൽ) നടപടികൾക്ക് വിധേയമായേക്കാം.
വിദേശത്തായിരിക്കുന്ന ഖത്തർ രജിസ്ട്രേഷൻ വാഹനങ്ങളുടെ പെർമിറ്റ് പുതുക്കണമെങ്കിൽ ഖത്തറിൽ എത്തിച്ച് ടെക്നിക്കൽ ഇൻസ്പെക്ഷൻ (ഫഹസ് പരിശോധന) പൂർത്തിയാക്കേണ്ടതുണ്ട്.
അനുവദിച്ച ഗ്രേസ് പീരിയഡിന് ശേഷവും നമ്പർ പ്ലേറ്റ് തിരികെ ഏൽപ്പിക്കാത്തവർക്കെതിരെ കടുത്ത നിയമനടപടികൾ ഉണ്ടാകും.
കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനൊപ്പം 3,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴയോ തടവുശിക്ഷയോ അല്ലെങ്കിൽ രണ്ട് ശിക്ഷകളും കൂടിയോ ലഭിക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
അതിനാൽ റോഡ് യാത്രയ്ക്ക് ഒരുങ്ങുന്ന പ്രവാസികൾ ഈ നിബന്ധനകൾ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.



Leave a Comment