ദോഹ: ഖത്തറിൽ ഞായറാഴ്ച പുലർച്ചെ ശക്തമായ മൂടൽമഞ്ഞിനും കാഴ്ചക്കുറവിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ (ക്യു.എം.ഡി) മുന്നറിയിപ്പ്.
രാവിലെ 6 മണിവരെയാണ് ഈ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. പുലർച്ചെ ജോലിക്കായി പുറപ്പെടുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർ യാത്രാവേളയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
രാജ്യത്തെ കരപ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ തുടരുമെന്നും ചിലയിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
ഇൻഷോർ പ്രദേശങ്ങളിൽ പൊതുവെ 4 മുതൽ 8 കിലോമീറ്റർ വരെ ദൂരക്കാഴ്ച ലഭിക്കുമെങ്കിലും, ചിലയിടങ്ങളിൽ ഇത് 2 കിലോമീറ്ററോ അതിൽ താഴെയോ ആയി കുറയാൻ സാധ്യതയുണ്ട്.
ഓഫ്‌ഷോർ മേഖലകളിലും സമാനമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ആദ്യം മങ്ങിയ കാലാവസ്ഥയും പിന്നീട് ശക്തമായ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. കടൽപ്രദേശങ്ങളിൽ ചിലയിടങ്ങളിൽ ദൂരക്കാഴ്ച ഒരു കിലോമീറ്ററിലും താഴെയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പുലർച്ചെ ഷിഫ്റ്റുകളിൽ ജോലിക്ക് പോകുന്ന നിർമാണത്തൊഴിലാളികൾ, ഡെലിവറി പാർട്ണർമാർ, മറ്റ് സേവന മേഖലകളിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് ഈ കാലാവസ്ഥാ മുന്നറിയിപ്പ് ഏറ്റവും കൂടുതൽ ബാധകമാകുന്നത്.
ഇതിനുപുറമെ, സ്കൂളുകളിലേക്കും മറ്റും കുടുംബസമേതം യാത്ര ചെയ്യുന്നവരും വിമാനത്താവളങ്ങളിലേക്ക് പോകുന്നവരും യാത്രാ സമയം മുൻകൂട്ടി ക്രമീകരിക്കുന്നത് സുരക്ഷിതമായിരിക്കും.
കാറ്റിൻ്റെ വേഗത പൊതുവെ കുറവായിരിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇൻഷോർ കാറ്റ് 3 മുതൽ 13 നോട്ട്സ് വരെയും, തിരമാലകളുടെ ഉയരം ഇൻഷോർ പ്രദേശങ്ങളിൽ 1-2 അടിയും ഓഫ്‌ഷോർ മേഖലയിൽ 1-3 അടിയുമായിരിക്കും.
കാഴ്ച പരിമിതപ്പെടുന്ന ഇത്തരം സാഹചര്യങ്ങളിൽ വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രതാ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഹെഡ്‌ലൈറ്റുകൾ കൃത്യമായി ഉപയോഗിക്കാനും, അമിതവേഗത ഒഴിവാക്കാനും ശ്രദ്ധിക്കണം.
വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കുന്നതിനൊപ്പം കാലാവസ്ഥാ വകുപ്പിൻ്റെയും ആഭ്യന്തര മന്ത്രാലയത്തിൻ്റെയും (MOI) ഏറ്റവും പുതിയ അറിയിപ്പുകൾ പിന്തുടരുകയും വേണം.



Leave a Comment