ദോഹ: യുഎസ്-ഇറാൻ സമാധാന കരാറിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ, ദ്രവീകൃത പ്രകൃതിവാതക (LNG) ഉൽപ്പാദനം വേഗത്തിൽ പുനരാരംഭിക്കാൻ ഖത്തർ ഒരുങ്ങുന്നു.
സുരക്ഷിതമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിച്ച് ഒരു മാസത്തിനകം 50 ശതമാനവും, രണ്ടുമാസത്തിനകം 80 ശതമാനവും ഉൽപ്പാദന ശേഷി കൈവരിക്കാനാണ് ഖത്തർ എനർജി (QatarEnergy) ലക്ഷ്യമിടുന്നത്.
zഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യുദ്ധം ആഗോള ഇന്ധന വിതരണ ശൃംഖലയെ വലിയ രീതിയിൽ ബാധിച്ചിരുന്നു.
എന്നാൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതോടെ വേഗത്തിൽ കയറ്റുമതി പുനരാരംഭിക്കുന്നതിനായി ഏപ്രിൽ മുതൽ തന്നെ ഖത്തർ എനർജി ആവശ്യമായ ഒരുക്കങ്ങളും അറ്റകുറ്റപ്പണികളും നടത്തിവരികയായിരുന്നു.
കരാർ പ്രാബല്യത്തിൽ വരുന്നതോടെ വാണിജ്യ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കും. ഇതിന്റെ ഭാഗമായി എൽഎൻജി ടാങ്കറുകൾ മിഡിൽ ഈസ്റ്റിലേക്ക് തിരികെ എത്തിത്തുടങ്ങിയിട്ടുണ്ട്.
ഖത്തർ എനർജിയുടെ കീഴിലുള്ള ‘മറൈഖ്’ (Mraikh) എന്ന ടാങ്കർ ഇതിനോടകം പാകിസ്ഥാനിലെ പോർട്ട് ഖാസിമിലേക്ക് യാത്ര തിരിച്ചതായി റിപ്പോർട്ടുകളുണ്ട്. യുദ്ധകാലത്ത് പാകിസ്ഥാൻ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ കടുത്ത ഊർജ്ജ പ്രതിസന്ധിയാണ് നേരിട്ടിരുന്നത്.
ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രമായ ഖത്തറിലെ റാസ് ലഫാൻ (Ras Laffan) കോംപ്ലക്സ് യുദ്ധത്തിന്റെ ആദ്യ ആഴ്ചകളിൽ തന്നെ അടച്ചിട്ടിരുന്നു. മാർച്ചിൽ നടന്ന ഇറാൻ മിസൈൽ ആക്രമണത്തിൽ ഇവിടുത്തെ രണ്ട് പ്രധാന പ്രൊഡക്ഷൻ ട്രെയിനുകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
കേടുപാടുകൾ സംഭവിച്ച ഈ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും പ്രവർത്തനസജ്ജമാകാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ എടുത്തേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എങ്കിലും കേടുപാടുകൾ സംഭവിക്കാത്ത മറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് 80 ശതമാനം ഉൽപ്പാദനം വേഗത്തിൽ കൈവരിക്കാനാണ് കമ്പനി ഇപ്പോൾ ശ്രമിക്കുന്നത്.
കഴിഞ്ഞ വർഷം ആഗോള എൽഎൻജി വിതരണത്തിന്റെ അഞ്ചിലൊന്ന് (20%) കയറ്റുമതി ചെയ്തിരുന്നത് റാസ് ലഫാൻ വഴിയായിരുന്നു. ഹോർമുസ് കടലിടുക്ക് അടച്ചിട്ടത് ആഗോള ഊർജ്ജ വിപണിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
യൂറോപ്യൻ, ഏഷ്യൻ വിപണികളിൽ ഇന്ധനവില കുതിച്ചുയരാൻ ഇത് കാരണമായിരുന്നു. പുതിയ കരാറോടെ ഹോർമുസ് വഴിയുള്ള സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിലൂടെ ഖത്തറിന് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങൾക്കും തങ്ങളുടെ ഊർജ്ജ കയറ്റുമതി വേഗത്തിൽ സാധാരണ നിലയിലാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.



Leave a Comment