ദോഹ/സിയാറ്റിൽ: 2026 ഫിഫ ലോകകപ്പിൽ നിന്ന് ഖത്തർ പുറത്ത്. ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയോട് 3-1ന് പരാജയപ്പെട്ടതോടെയാണ് ഖത്തറിൻ്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരശ്ശീല വീണത്.
അമേരിക്കയിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജയിച്ചാൽ മാത്രം അടുത്ത റൗണ്ടിലേക്ക് നേരിയ പ്രതീക്ഷയെങ്കിലും നിലനിർത്താമായിരുന്ന സാഹചര്യത്തിലാണ് ഖത്തർ നിരാശപ്പെടുത്തിയത്.
തുടക്കം മുതൽ തന്നെ മികച്ച മുന്നേറ്റങ്ങൾ നടത്തിയ ബോസ്നിയ 29-ാം മിനിറ്റിൽ ആദ്യ ലീഡ് നേടി. 18-കാരനായ കെറിം അലാജ്‌ബെഗോവിച്ച് ബോക്സിന് പുറത്തുനിന്നും തൊടുത്തുവിട്ട തകർപ്പൻ ഗോളിലൂടെയാണ് ബോസ്നിയ മുന്നിലെത്തിയത്.
അഞ്ച് മിനിറ്റുകൾക്ക് ശേഷം 34-ാം മിനിറ്റിൽ ഖത്തർ പ്രതിരോധതാരം സുൽത്താൻ അൽ ബ്രേക്കിൻ്റെ പിഴവിൽ നിന്നുള്ള സെൽഫ് ഗോൾ ബോസ്നിയയുടെ ലീഡ് 2-0 ആയി ഉയർത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് 42-ാം മിനിറ്റിൽ നായകൻ ഹസ്സൻ അൽ ഹൈദോസിലൂടെ ഖത്തർ ഒരു ഗോൾ മടക്കി മികച്ച തിരിച്ചുവരവിൻ്റെ സൂചനകൾ നൽകിയിരുന്നു.
എഡ്മിൽസൺ ജൂനിയർ നൽകിയ മനോഹരമായ പാസിൽ നിന്നായിരുന്നു ഈ ഗോൾ പിറന്നത്.
രണ്ടാം പകുതിയിൽ സമനില ഗോളിനായി ഖത്തർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബോസ്നിയൻ പ്രതിരോധം തകർക്കാനായില്ല. മത്സരത്തിൻ്റെ 80-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ എർമിൻ മഹ്‌മിച്ച് നേടിയ ഗോളിലൂടെ ബോസ്നിയ 3-1ന്റെ ആധികാരിക ജയം ഉറപ്പാക്കുകയായിരുന്നു.
ഖത്തർ പരിശീലകൻ ജുലൻ ലോപെറ്റെഗി രണ്ടാം പകുതിയിൽ നിരവധി മാറ്റങ്ങൾ വരുത്തി പരീക്ഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. പെഡ്രോ മിഗ്വൽ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ലഭിച്ച മികച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതിരുന്നതും ഖത്തറിന് തിരിച്ചടിയായി.
ഈ പരാജയത്തോടെ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു പോയിൻ്റ് മാത്രം നേടി ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനക്കാരായാണ് ഖത്തർ ടൂർണമെൻ്റിൽ നിന്ന് മടങ്ങുന്നത്.
ആദ്യ മത്സരത്തിൽ കരുത്തരായ സ്വിറ്റ്സർലൻഡിനെ 1-1ന് സമനിലയിൽ തളച്ചതാണ് ലോകകപ്പിൽ ഖത്തറിൻ്റെ ഏക നേട്ടം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കാനഡയെ 2-1ന് പരാജയപ്പെടുത്തി സ്വിറ്റ്സർലൻഡ് ഏഴ് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ-ക്വാർട്ടറിൽ (റൗണ്ട് ഓഫ് 32) കടന്നു.
നാല് പോയൻ്റുമായി കാനഡയും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. മൂന്നാം സ്ഥാനക്കാരായ ബോസ്നിയക്കും മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ വലിയ സാധ്യതയുണ്ട്.
കഴിഞ്ഞ ലോകകപ്പിലെ ആതിഥേയർ എന്ന നിലയിലും മുൻ ഏഷ്യൻ ചാമ്പ്യന്മാർ എന്ന നിലയിലും വലിയ പ്രതീക്ഷകളോടെയാണ് ഖത്തർ ഇത്തവണ അമേരിക്കയിലെത്തിയത്.
എന്നാൽ കാനഡയോട് ഏറ്റുവാങ്ങിയ 6-0 ന്റെ വലിയ പരാജയവും ബോസ്നിയയോടുള്ള ഇപ്പോഴത്തെ തോൽവിയും അറബ് ഫുട്ബോൾ ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്.
ട്യൂണീഷ്യയ്ക്കും ജോർദാനും ശേഷം ഈ ലോകകപ്പിൽ നിന്ന് പുറത്താകുന്ന മൂന്നാമത്തെ അറബ് രാജ്യം കൂടിയാണ് ഖത്തർ.



Leave a Comment