ബർസാൻ ഗ്യാസ് ഫെസിലിറ്റി ദുരന്തം: ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് ഖത്തർ ഊർജമന്ത്രി

Pravasy Today Editorial Team

ജൂൺ 25, 2026

আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল
QatarEnergy Minister Visits Injured

ദോഹ: റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ ഗ്യാസ് ഫസിലിറ്റിയിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി (QatarEnergy) പ്രസിഡൻ്റും സിഇഒയുമായ സാദ് ഷെരീദ അൽ കഅബി സന്ദർശിച്ചു.

തൊഴിലാളികൾക്ക് മികച്ച ചികിത്സയും മറ്റു സഹായങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി നേരിട്ടെത്തിയത്.

ഹമദ് ജനറൽ ആശുപത്രി, അൽ വക്ര ആശുപത്രി, ഹസം മെബൈരീക് ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകിവരുന്നത്.

ഈ ആശുപത്രികളിൽ എത്തിയ മന്ത്രി പരുക്കേറ്റ തൊഴിലാളികളുമായി സംസാരിക്കുകയും അവർക്ക് ഖത്തർ എനർജിയുടെ പൂർണ്ണ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.

പരുക്കേറ്റവരിൽ ഏറെപ്പേരും ആശുപത്രി വിട്ടുവെന്നും, നിലവിൽ വളരെ കുറച്ചു പേർ മാത്രമേ ആശുപത്രികളിൽ തുടരുന്നുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ ഖത്തർ എനർജിയുടെ പ്രത്യേക സംഘങ്ങൾ ആശുപത്രികളിൽ സജീവമാണ്.

കഴിഞ്ഞ ദിവസം ബർസാൻ ഗ്യാസ് സപ്ലൈ ഫസിലിറ്റിയിൽ ഉണ്ടായ അപകടത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 12 പേരും ഇന്ത്യക്കാരാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

അപകടത്തിൽ 66 പേർക്ക് പരുക്കേറ്റെങ്കിലും ആരുടേയും നില ഗുരുതരമല്ലെന്നത് വലിയ ആശ്വാസമാണ് നൽകുന്നത്.

മരിച്ചവരിൽ കോഴിക്കോട് സ്വദേശിയായ അർജുൻ എന്ന മലയാളിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനും, കുടുംബങ്ങൾക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കാനുമുള്ള നടപടികളിലാണ് പ്രവാസി സമൂഹം ഇപ്പോൾ ഉറ്റുനോക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളും സഹപ്രവർത്തകരും സമൂഹമാധ്യമങ്ങളിലെ വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്നും, ഇന്ത്യൻ എംബസി, ബന്ധപ്പെട്ട കമ്പനി പ്രതിനിധികൾ, ഖത്തർ ഭരണകൂടം എന്നിവരിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Leave a Comment