റിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ചവർക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ രാജ്യവ്യാപക പരിശോധനയിൽ എണ്ണായിരത്തിലധികം പേർ പിടിയിലായി. മേയ് 21 മുതൽ 27 വരെയുള്ള ഒരൊറ്റ ആഴ്ചയ്ക്കുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആകെ 8,090 നിയമലംഘകരെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചായിരുന്നു ഈ സംയുക്ത പരിശോധന.
പിടിയിലായവരിൽ 4,266 പേർ താമസ നിയമങ്ങളും (ഇഖാമ ലംഘനം), 2,653 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങളും, 1,171 പേർ തൊഴിൽ നിയമങ്ങളും ലംഘിച്ചവരാണ്. നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,176 പേർ പിടിയിലായപ്പോൾ, രാജ്യം വിടാൻ ശ്രമിച്ച 71 പേരും സുരക്ഷാ സേനയുടെ വലയിലായി. കൂടാതെ, നിയമലംഘകർക്ക് യാത്രാസൗകര്യം, താമസം, ജോലി എന്നിവ നൽകി സഹായിച്ച 13 പേരെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിലവിൽ പിടിയിലായ 21,685 വിദേശികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. ഇതിൽ 14,484 പേരെ കൃത്യമായ യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി അതത് രാജ്യങ്ങളുടെ എംബസികളുമായോ കോൺസുലേറ്റുകളുമായോ ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനകം 7,466 പേരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകർക്ക് അഭയമോ സഹായമോ നൽകുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.



Leave a Comment