റിയാദ്: സൗദി അറേബ്യയിൽ പുതിയ ബിസിനസ്സ് ആരംഭിക്കുന്നവർക്കും സ്റ്റാർട്ടപ്പുകൾക്കും നിർണ്ണായകമായ പുതിയ വിസാ ചട്ടങ്ങൾ പ്രഖ്യാപിച്ചു.
രാജ്യത്ത് രണ്ട് വർഷത്തിൽ താഴെ മാത്രം പഴക്കമുള്ള പുതിയ കമ്പനികൾക്ക് അനുവദിക്കുന്ന ഇൻസ്റ്റൻ്റ് വർക്ക് വിസകളുടെ (Instant work visas) എണ്ണം പരമാവധി അഞ്ചായി നിജപ്പെടുത്തിക്കൊണ്ടാണ് പുതിയ മാറ്റം.
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ ഖിവ (Qiwa) വഴിയാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്.
പ്രാദേശിക തൊഴിൽ വിപണി കൂടുതൽ കാര്യക്ഷമമാക്കാനും സ്വദേശിവൽക്കരണ (Saudisation) നയങ്ങൾ ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.
പുതിയ നിയന്ത്രണങ്ങൾ പ്രകാരം, എസ്റ്റാബ്ലിഷ്മെൻ്റ് പ്രോഗ്രാമിൽ (Establishment Programme) രജിസ്റ്റർ ചെയ്യുന്ന പുതിയ ബിസിനസ്സുകൾക്ക് തുടക്കത്തിൽ രണ്ട് വിസകളായിരിക്കും ലഭിക്കുക.
നിശ്ചിത വ്യവസ്ഥകൾ പാലിക്കുകയും കമ്പനിയിലെ സ്വദേശിവൽക്കരണ നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്താൽ പിന്നീട് കൂടുതൽ വിസകൾ കമ്പനികൾക്ക് ലഭിക്കും.
എന്നാൽ, രണ്ട് വർഷത്തിലധികം പ്രവർത്തന പരിചയമുള്ള കമ്പനികൾക്ക് ഒറ്റ അപേക്ഷയിലോ അല്ലെങ്കിൽ ഒരേ ആഴ്ചയിൽ സമർപ്പിക്കുന്ന പല അപേക്ഷകളിലൂടെയോ പരമാവധി 50 ഇൻസ്റ്റന്റ് വിസകൾ വരെ ലഭിക്കുന്നത് തുടരും.
പഴയ കമ്പനികൾക്ക് കൂടുതൽ വിസകൾ ലഭ്യമാക്കി അവയുടെ വിപുലീകരണത്തിന് പിന്തുണ നൽകുകയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനായി കമ്പനികൾ ഖിവ പ്ലാറ്റ്‌ഫോം വഴി 10 പ്രധാന നിബന്ധനകൾ കർശനമായി പാലിക്കേണ്ടതുണ്ട്.
കമ്പനികൾ സജീവമായി പ്രവർത്തിക്കുന്നവയാകണം, ജീവനക്കാർക്ക് സാധുവായ വർക്ക് പെർമിറ്റ് ഉണ്ടായിരിക്കണം, കൂടാതെ കമ്പനിയുടെ കൊമേഴ്സ്യൽ രജിസ്ട്രേഷൻ (CR) കാലാവധി കഴിഞ്ഞിരിക്കാൻ പാടില്ല തുടങ്ങിയവയാണ് പ്രാഥമിക നിബന്ധനകൾ.
ഇതിന് പുറമെ സ്ഥാപനം സ്വദേശിവൽക്കരണത്തിൽ ‘മീഡിയം ഗ്രീൻ’ (Medium Green) വിഭാഗത്തിലോ അതിന് മുകളിലോ ആയിരിക്കണമെന്നതും വിസ ലഭിക്കാൻ നിർബന്ധമാണ്.
വേതന സംരക്ഷണ നിയമം (Wage Protection Law) കർശനമായി പാലിക്കുകയും ആഭ്യന്തര മന്ത്രാലയത്തിൻ്റെ അബ്ഷെർ (Absher) അല്ലെങ്കിൽ മുഖീം (Muqeem) പോർട്ടലുകളിൽ മതിയായ ഫണ്ട് ബാലൻസ് നിലനിർത്തുകയും വേണം.
പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വാർഷിക സെൽഫ് അസസ്മെൻ്റ് (Self-assessment) പൂർത്തിയാക്കിയിരിക്കണം.
ജീവനക്കാരുടെ ജോലിസ്ഥലം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഖിവ പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്തേണ്ടതും നിർബന്ധമാണ്. തൊഴിലുടമയുടെ പ്രായം 18 വയസ്സിൽ കുറയാൻ പാടില്ലെന്നും പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.
നിയമങ്ങൾ പാലിക്കാത്ത കമ്പനികൾക്ക് പുതിയ വിസകൾ അനുവദിക്കില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



Leave a Comment