കൊളംബോ: വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവേകുന്നതിനായി ഇന്ത്യയും ഗൾഫ് രാജ്യങ്ങളും ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് സൌജന്യ ടൂറിസ്റ്റ് വിസ അനുവദിച്ച് ശ്രീലങ്ക. 2026 മെയ് 25 മുതൽ പുതിയ വിസ പരിഷ്കാരം പ്രാബല്യത്തിൽ വന്നതായി ശ്രീലങ്കൻ ഇമിഗ്രേഷൻ ആൻഡ് എമിഗ്രേഷൻ വകുപ്പ് അറിയിച്ചു. ഇന്ത്യ, പാകിസ്ഥാൻ എന്നിവർക്ക് പുറമെ യുഎഇ, സൌദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ സൌജന്യ വിസ ആനുകൂല്യം ലഭ്യമാകും. നയതന്ത്ര, ഒഫീഷ്യൽ പാസ്‌പോർട്ടുകൾ ഉള്ളവർക്കും സാധാരണ യാത്രക്കാർക്കും ഈ ഇളവ് ബാധകമാണ്.
പുതിയ നിയമപ്രകാരം യോഗ്യരായ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് 30 ദിവസത്തെ കാലാവധിയുള്ള സൌജന്യ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) വിസയാണ് ലഭിക്കുക. ഈ 30 ദിവസത്തിനുള്ളിൽ രണ്ട് തവണ ശ്രീലങ്ക സന്ദർശിക്കാനുള്ള (Double-Entry) അനുമതിയും ഇതോടൊപ്പം ലഭിക്കും. അതേസമയം, വിസ ഫീസ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ശ്രീലങ്കയിൽ എത്തുന്നതിന് മുൻപായി ഔദ്യോഗിക പോർട്ടൽ വഴി ഇടിഎ (ETA) അനുമതി വാങ്ങിയിരിക്കണം എന്നത് നിർബന്ധമാണ്. 30 ദിവസത്തിൽ കൂടുതൽ രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് വിസ ഫീസ് അടച്ച് കാലാവധി നീട്ടാൻ അപേക്ഷിക്കാവുന്നതാണ്.
മെയ് 25-ന് മുൻപായി ഇടിഎ അപേക്ഷകൾ സമർപ്പിച്ച് ഫീസ് അടച്ചവർക്ക് ഈ തുക തിരികെ ലഭിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. മാലിദ്വീപ്, സീഷെൽസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളുമായി നിലവിലുള്ള ഉഭയകക്ഷി കരാറുകൾ സാധാരണ നിലയിൽ തുടരുമെന്നും, മാലിദ്വീപ് പൗരന്മാർക്ക് ഇടിഎ വഴി 90 ദിവസത്തെ വിസ ലഭിക്കുന്നത് തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഈ പട്ടികയിൽ ഉൾപ്പെടാത്ത മറ്റ് രാജ്യങ്ങളിലെ സഞ്ചാരികൾക്ക് ശ്രീലങ്കയുടെ നിലവിലുള്ള സാധാരണ വിസ നിയമങ്ങളും ഫീസുകളും തന്നെയായിരിക്കും ബാധകം.



Leave a Comment