കൊച്ചി: ദൈവങ്ങളുടെയും മറ്റു പലരുടേയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ കേരള ഹൈക്കോടതി അസാധുവാക്കി.
സത്യപ്രതിജ്ഞ അസാധുവാക്കിയതിനെ തുടർന്ന് ഈ കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു.
നിയമപ്രകാരം നിഷ്കർഷിച്ചിട്ടുള്ള ‘ദൈവനാമത്തിൽ’ എന്നതിന് പകരം തങ്ങൾക്ക് ഇഷ്ടമുള്ള പല ദൈവങ്ങളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ സുപ്രധാന നടപടി.
അയ്യപ്പൻ, കാവിലമ്മ, ശ്രീ പത്മനാഭസ്വാമി, ഗുരുദേവൻ, ഭാരതാംബ, ആറ്റുകാലമ്മ തുടങ്ങിയ വിവിധ ദൈവങ്ങളുടെ പേരിലും, കൂടാതെ പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിലുമാണ് ഈ 20 കൗൺസിലർമാർ സത്യപ്രതിജ്ഞ ചൊല്ലിയത്.
ബിജെപി കൗൺസിലർമാരുടെ ഈ നടപടി മുൻസിപ്പൽ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും, അതിനാൽ സത്യപ്രതിജ്ഞ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിലെ സിപിഎം പാർലമെൻ്ററി പാർട്ടി നേതാവും കൗൺസിലറുമായ എസ്. പി. ദീപക് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
സത്യപ്രതിജ്ഞാ നടപടികൾ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സത്യപ്രതിജ്ഞ പൂർണ്ണമായും അസാധുവാക്കിക്കൊണ്ടുള്ള നിർണായക വിധി വന്നിരിക്കുന്നത്.
കോർപ്പറേഷനിലെ ബിജെപി അംഗങ്ങൾക്ക് ഈ കോടതി വിധി വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.



Leave a Comment