ദുബായ്: യുഎഇയിലെ 43 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമേകി പാസ്പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾക്കായി പുതിയ കേന്ദ്രങ്ങൾ വരുന്നു. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ യാത്രാ സേവന ശൃംഖലയായ അൽഹിന്ദ് ഗ്രൂപ്പാണ് ഇനി മുതൽ ഈ സേവനങ്ങൾ കൈകാര്യം ചെയ്യുക. 2011 മുതൽ ഈ രംഗത്തുണ്ടായിരുന്ന ബിഎൽഎസ് (BLS) ഇന്റർനാഷണലിന് പകരമാണ് അൽഹിന്ദ് ഈ ദൌത്യം ഏറ്റെടുക്കുന്നത്. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റും സംയുക്തമായി നടത്തിയ അന്താരാഷ്ട്ര ടെൻഡറിൽ ഏറ്റവും കുറഞ്ഞ നിരക്ക് സമർപ്പിച്ചാണ് അൽഹിന്ദ് ഈ കരാർ സ്വന്തമാക്കിയത്. ജൂലൈ 1 മുതൽ രാജ്യത്തെ ഏഴ് എമിറേറ്റുകളിലുമായി 16 പുതിയ കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാകും.
പാസ്പോർട്ട് പുതുക്കൽ, പുതിയ അപേക്ഷകൾ, ഇന്ത്യൻ വിസ പ്രോസസിങ്, ഒസിഐ (OCI) കാർഡ് സേവനങ്ങൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ എല്ലാ സുപ്രധാന കോൺസുലാർ സേവനങ്ങളും ഈ പുതിയ കേന്ദ്രങ്ങൾ വഴി ലഭ്യമാകും. എംബസി നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക ഫീസിന് പുറമെ ട്രാൻസാക്ഷൻ ഒന്നിന് കേവലം 19 ദിർഹം മാത്രമായിരിക്കും അൽഹിന്ദിന്റെ സേവന നിരക്ക്. ഈ തുകയിൽ ഫോട്ടോ എടുക്കൽ, ഫോട്ടോസ്റ്റാറ്റ് തുടങ്ങിയ അനുബന്ധ സേവനങ്ങളും ഉൾപ്പെടുമെന്നത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ ലാഭമാകും. ദുബായിലെ പ്രവാസികളുടെ വലിയ തിരക്ക് പരിഗണിച്ച് ബർ ദുബായിൽ 45 കൗണ്ടറുകളോട് കൂടിയ 12,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അത്യാധുനിക ഫ്ലാഗ്ഷിപ്പ് കേന്ദ്രവും സജ്ജമാക്കുന്നുണ്ട്.
വികേന്ദ്രീകൃതമായ രീതിയിൽ അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, അൽ ഐൻ, കൽബ, ഖോർഫക്കാൻ തുടങ്ങിയ തന്ത്രപ്രധാനമായ 16 കേന്ദ്രങ്ങളിലാണ് പുതിയ ഓഫീസുകൾ വരുന്നത്. ഇത് നഗരകേന്ദ്രങ്ങളിൽ നിന്ന് മാറി താമസിക്കുന്ന പ്രവാസികൾക്ക് യാത്രാസമയവും ബുദ്ധിമുട്ടുകളും ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. അതോടൊപ്പം, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓൺലൈൻ അപേക്ഷകൾ കൂടുതൽ സുതാര്യമാക്കാനും അൽഹിന്ദ് പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി പ്രവാസികൾക്ക് ഓഫീസുകളിൽ പോകാതെ തന്നെ വീട്ടിലിരുന്ന് പാസ്പോർട്ട് പുതുക്കാനുള്ള ‘ഹോം-ബേസ്ഡ് പാസ്പോർട്ട് റിന്യൂവൽ’ പൈലറ്റ് പ്രോജക്ടും കമ്പനി ഇപ്പോൾ പരീക്ഷിച്ചുവരികയാണ്.



Leave a Comment