আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল

ദുബായ്: 2026 ജൂൺ 1 മുതൽ യുഎഇയിൽ പ്രവാസി സമൂഹം ഉൾപ്പെടെയുള്ള പൊതുജനങ്ങളെയും ബിസിനസ് മേഖലകളെയും നേരിട്ട് ബാധിക്കുന്ന ഒട്ടനവധി നിർണായക നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നു. യുഎഇ മന്ത്രാലയങ്ങളും ദുബായ് ഭരണകൂടവും പുറപ്പെടുവിച്ച പുതിയ ഉത്തരവുകൾ പ്രകാരം തൊഴിൽ നിയമം, വ്യക്തിഗത സാമ്പത്തിക ഇടപാടുകൾ, പൊതു സുരക്ഷ എന്നിവയിലാണ് പ്രധാന പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. ജൂൺ ആദ്യവാരം മുതൽ നടപ്പിലാകുന്ന ഏറ്റവും പ്രധാനപ്പെട്ട നിയമ ഭേദഗതികൾ താഴെ പറയുന്നവയാണ്:

  • പുതിയ ശമ്പള വിതരണ നിയമം (WPS): യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ (MoHRE) പുതിയ വേതന സംരക്ഷണ സംവിധാന പ്രകാരം സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം ഓരോ മാസത്തെയും ഒന്നാം തീയതിക്കുള്ളിൽ തന്നെ വിതരണം ചെയ്തിരിക്കണം. മുൻമാസത്തെ ജോലിക്ക് തൊട്ടടുത്ത മാസത്തെ ഒന്നാം തീയതിക്ക് ശേഷം നൽകുന്ന ശമ്പള വിതരണങ്ങൾ നിയമപ്രകാരം വൈകിയതായി കണക്കാക്കുകയും കമ്പനികൾക്കെതിരെ നടപടിയുണ്ടാകുകയും ചെയ്യും.
  • പ്രായപൂർത്തിയാകുന്ന പ്രായപരിധി 18 ആയി കുറച്ചു: യുഎഇ സിവിൽ ഇടപാട് നിയമത്തിലെ (Civil Transactions Law) പുതിയ പരിഷ്കാര പ്രകാരം രാജ്യത്ത് പൂർണ്ണ നിയമപരമായ ശേഷി കൈവരിക്കുന്ന പ്രായപരിധി 21 വയസ്സിൽ നിന്നും 18 വയസ്സായി കുറച്ചു. ഇതോടെ 18 വയസ്സ് തികഞ്ഞ യുവാക്കൾക്ക് രക്ഷിതാക്കളുടെയോ ഗാർഡിയന്റെയോ അനുമതിയില്ലാതെ സ്വന്തമായി ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും സാമ്പത്തിക-ബിസിനസ് കരാറുകളിൽ ഒപ്പുവെക്കാനും പൂർണ്ണ നിയമസാധുത ലഭിക്കും.
  • ദുബായ് പൊതു സുരക്ഷാ നിയമം: ദുബായ് മുൻസിപ്പാലിറ്റിയുടെ പുതിയ പൊതു സുരക്ഷാ നിയമപ്രകാരം പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങൾ, പരിപാടികൾ എന്നിവടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി. ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, വെന്റിലേഷൻ ഉറപ്പാക്കൽ എന്നിവയ്ക്ക് പുറമെ അനുമതിയില്ലാതെ പടക്കങ്ങൾ, കത്തുന്ന വസ്തുക്കൾ, വിഷപദാർത്ഥങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നത് നിരോധിച്ചു. സുരക്ഷാ വീഴ്ചകൾ വരുത്തുന്ന കെട്ടിട ഉടമകൾക്കും ഇവന്റ് ഓർഗനൈസർമാർക്കും നേരിട്ട് ബാധ്യത ചുമത്തുന്നതിനൊപ്പം കനത്ത പിഴയും ഈടാക്കും.
  • ബാങ്കുകളുടെ വാട്സാപ്പ് ഉപയോഗത്തിന് നിയന്ത്രണം: ഉപഭോക്തൃ സംരക്ഷണത്തിന്റെ ഭാഗമായി സെൻസിറ്റീവ് ബാങ്കിംഗ് ഇടപാടുകൾക്കും വിവരങ്ങൾക്കും വാട്സാപ്പ് (WhatsApp) പോലുള്ള ജനപ്രിയ മെസ്സേജിംഗ് ആപ്പുകൾ ഉപയോഗിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങൾക്ക് യുഎഇ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
  • Shared Housingന് നിയന്ത്രണം: ദുബായിൽ ഔദ്യോഗിക അനുമതിയില്ലാതെ അനധികൃതമായി മുറികൾ സബ്‌ലെറ്റ് ചെയ്യുന്നതും “ബെഡ് സ്‌പേസ്” നൽകുന്നതും പൂർണ്ണമായി നിരോധിച്ചു. ലൈസൻസുള്ള ഭൂവുടമകൾക്കോ അംഗീകൃത ഓപ്പറേറ്റർമാർക്കോ മാത്രമേ പങ്കിട്ട താമസസൌകര്യങ്ങൾ ഒരുക്കാൻ അനുവാദമുള്ളൂ.

ഇവയ്ക്ക് പുറമെ ദുബായിലെ കെട്ടിടങ്ങളുടെ ഗുണനിലവാരവും അറ്റകുറ്റപ്പണികളും ഉറപ്പാക്കുന്ന ‘ക്വാളിറ്റി ആൻഡ് സേഫ്റ്റി ഓഫ് ബിൽഡിംഗ്സ്’ നിയമം വഴി വീഴ്ച വരുത്തുന്ന ഉടമകൾക്ക് 100 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്. രാജ്യാന്തര നിലവാരത്തിലേക്ക് നിയമവ്യവസ്ഥകളെ ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങളെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കി.

Leave a Comment