അബുദാബി: യുഎഇയിലെ പ്രവാസികളും പൗരന്മാരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാസഞ്ചർ ട്രെയിൻ സർവീസ് ഉടൻ യാഥാർത്ഥ്യമാകും.
രാജ്യത്തെ 11 നഗരങ്ങളെയും പ്രധാന വാണിജ്യ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് സർവീസ് നടത്തുന്ന ഇത്തിഹാദ് റെയിൽ (Etihad Rail) ഗതാഗത മേഖലയിൽ വലിയ വിപ്ലവമാണ് സൃഷ്ടിക്കാൻ ഒരുങ്ങുന്നത്.
അൽ സില മുതൽ ഫുജൈറ വരെയുള്ള യാത്ര കൂടുതൽ വേഗത്തിലും സുരക്ഷിതവുമാക്കാൻ പുതിയ പാസഞ്ചർ സർവീസ് സഹായിക്കും.
യാത്രാ സമയത്തിൽ വരുന്ന വലിയ മാറ്റമാണ് പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാ സമയം വെറും 50 മിനിറ്റായി കുറയും.
അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റും, അൽ റുവൈസിലേക്ക് 70 മിനിറ്റും കൊണ്ട് എത്തിച്ചേരാനാകും.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലായിരിക്കും പാസഞ്ചർ ട്രെയിനുകൾ സഞ്ചരിക്കുക. ഇത് ദൈനംദിന യാത്രക്കാരായ വലിയൊരു വിഭാഗം പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
ടിക്കറ്റ് നിരക്കുകളുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ റോഡ് മാർഗം ഉപയോഗിക്കുന്ന ബസുകൾ, ടാക്സികൾ എന്നിവയുമായി മത്സരിക്കാൻ കഴിയുന്ന തരത്തിൽ തികച്ചും ആകർഷകമായ നിരക്കുകളാകും ട്രെയിൻ യാത്രയ്ക്ക് ഈടാക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സാധാരണക്കാർക്ക് താങ്ങാനാകുന്ന നിരക്കിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനുകളും ഡിജിറ്റൽ സംവിധാനങ്ങളും സജ്ജമാക്കുന്നുണ്ട്.
അത്യാധുനിക സൗകര്യങ്ങളോടെയാണ് ട്രെയിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫസ്റ്റ് ക്ലാസ്, സ്റ്റാൻഡേർഡ് ക്ലാസ് ഉൾപ്പെടെ വിവിധ യാത്രാ ശ്രേണികൾ ട്രെയിനിലുണ്ടാകും.
സൗജന്യ വൈഫൈ (Wi-Fi), മികച്ച സീറ്റിംഗ് സംവിധാനം, മൊബൈൽ ചാർജിംഗ് പോയിന്റുകൾ, ലഗേജ് വെക്കാനുള്ള പ്രത്യേക ഇടങ്ങൾ, വിനോദ സംവിധാനങ്ങൾ എന്നിവയെല്ലാം യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്.
യുഎഇയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് പുതിയ ട്രെയിൻ സർവീസ് സാമ്പത്തികമായും ഏറെ ഗുണം ചെയ്യും. വാടക കുറഞ്ഞ എമിറേറ്റുകളിൽ താമസിച്ച് ദുബായിലും അബുദാബിയിലുമുള്ള തൊഴിലിടങ്ങളിലേക്ക് അതിവേഗം എത്തിച്ചേരാൻ ഈ സർവീസ് സഹായകമാകും. രാജ്യത്തെ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും കാർബൺ ബഹിർഗമനം നിയന്ത്രിച്ച് പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനും ഇത്തിഹാദ് റെയിൽ പദ്ധതിയിലൂടെ സാധിക്കും.



Leave a Comment