ട്രംപിന് തിരിച്ചടി; ഇറാന് എതിരായ സൈനിക നടപടികൾ തടയുന്ന പ്രമേയം പാസ്സാക്കി യുഎസ് ജനപ്രതിനിധി സഭ

Staff Reporter

ജൂൺ 4, 2026

আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল

വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികളുമായി മുന്നോട്ടുപോകുന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ യുദ്ധാധികാരങ്ങൾക്ക് കടിഞ്ഞാണിടാൻ ജനപ്രതിനിധി സഭയിൽ (ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവ്സ്) പ്രമേയം പാസാക്കി. ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയത്തെ നാല് റിപ്പബ്ലിക്കൻ അംഗങ്ങൾ കൂടി പിന്തുണച്ചതോടെയാണ് ട്രംപിന് ശക്തമായ രാഷ്ട്രീയ തിരിച്ചടിയുണ്ടായത്. 208-നെതിരെ 215 വോട്ടുകൾക്കാണ് സഭയിൽ പ്രമേയം പാസായത്. ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ യുദ്ധത്തിന് കോൺഗ്രസിന്റെ അനുമതിയില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയം ഇനി റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കും. സെനറ്റും ഇത് പാസാക്കിയാൽ പോലും ട്രംപ് തൻ്റെ വീറ്റോ അധികാരം ഉപയോഗിച്ച് പ്രമേയം റദ്ദാക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ പ്രമേയം നടപ്പിലാക്കാൻ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായി വരും. ട്രംപിൻ്റെ നിയമവിരുദ്ധവും ചെലവേറിയതുമായ യുദ്ധം അവസാനിപ്പിക്കാനുള്ള ആദ്യപടിയാണിതെന്ന് ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റിയിലെ പ്രമുഖ ഡെമോക്രാറ്റ് അംഗം ഗ്രിഗറി മീക്സ് പ്രതികരിച്ചു.

യുഎസും ഇറാനും തമ്മിൽ നിലവിൽ താല്ക്കാലിക വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പരം വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. കുവൈറ്റിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും ഈ വാരാന്ത്യത്തോടെ കരാർ ഒപ്പിടാൻ സാധിച്ചേക്കുമെന്നുമാണ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് അവകാശപ്പെട്ടത്.

Leave a Comment