আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল

യുഎസും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ നീട്ടുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. വൈറ്റ് ഹൗസിലെ അത്യാഹിത സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന ‘സിറ്റുവേഷൻ റൂമിൽ’ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഭാവിനടപടികളിൽ വ്യക്തതയില്ലാതെ ചർച്ചകൾ അവസാനിച്ചത്. ഹർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ഇറാന്റെ ആണവപദ്ധതി പൂർണമായി അവസാനിപ്പിക്കണമെന്നുമുള്ള കർശന നിലപാടുകളിലാണ് യുഎസ്. എന്നാൽ ആണവപദ്ധതി സംബന്ധിച്ച് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടാനും സമാധാന ചർച്ചകൾ തുടരാനുമുള്ള പ്രാഥമിക ധാരണയ്ക്ക് ഇരുരാജ്യങ്ങളും നേരത്തെ രൂപം നൽകിയിരുന്നു. എന്നാൽ അമേരിക്കയുടെ താല്പര്യങ്ങൾ പൂർണമായി സംരക്ഷിക്കുന്ന കരാറുകളിൽ മാത്രമേ ഒപ്പുവെക്കൂ എന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഹർമുസ് കടലിടുക്കിലെ യുഎസ് ഉപരോധം പിൻവലിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ ട്രംപ്, പക്ഷെ ഇറാൻ തങ്ങളുടെ ആണവ സാമഗ്രികൾ നശിപ്പിക്കണമെന്ന നിബന്ധന മുന്നോട്ടുവെച്ചു. അതേസമയം അമേരിക്ക ഉന്നയിക്കുന്ന വാദങ്ങൾ സത്യവും അസത്യവും കലർന്നതാണെന്നും ആണവ സാമഗ്രികൾ നശിപ്പിക്കുന്ന കാര്യങ്ങൾ പ്രാഥമിക ധാരണാപത്രത്തിൽ ഇല്ലെന്നുമാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെട്ടത്. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നിരുന്നു. ഏപ്രിൽ എട്ട് മുതൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഇരുവിഭാഗവും പരസ്പരം വെടിനിർത്തൽ കരാർ ലംഘിച്ചതായി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ പ്രവാസി മലയാളികളെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ വരും ദിവസങ്ങളിലെ ചർച്ചകൾ ഏറെ നിർണായകമാണ്.

Leave a Comment